District News
പത്തനംതിട്ട: ശബരിമല തീര്ഥാടകര്ക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകള് മെച്ചപ്പെടുത്തുന്നതിലേക്ക് 450 കോടി രൂപയുടെ പാക്കേജ് സംസ്ഥാന സർക്കാർ തയാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. ശബരിമല തീര്ഥാടനമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ മുന്നൊരുക്കങ്ങള് അവലോകനം ചെയ്യുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില് ചേര്ന്ന യോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ 16ന് തിരുവനന്തപുരത്ത് ചേര്ന്ന യോഗത്തിന്റെ തുടര്ച്ചയായാണ് പമ്പയില് മന്ത്രി എത്തിയത്. ശബരിമല പാതകളുടെ നവീകരണത്തോടൊപ്പം സമഗ്ര വികസനമാണ് ലക്ഷ്യം. റോഡ് സുരക്ഷയ്ക്കായി 15 കോടി രൂപയും വകയിരുത്തും. മുന് വര്ഷങ്ങളിലെ പ്രവൃത്തികള് അടിയന്തരമായി പൂര്ത്തിയാകും. റോഡുകളില് ക്രാഷ് ഗാര്ഡ്, സ്പീഡ് ബ്രേക്കര്, റിഫ്ലക്ടറുകള്, സൂചന ബോര്ഡുകള് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള് ഉറപ്പാക്കും. പാതയ്ക്ക് ഇരുവശവുമുള്ള കാട് വെട്ടിത്തെളിക്കും.
പൊതുമരാമത്ത്, എന്എച്ച്, ജലഅഥോറിറ്റി എന്നിവയുടെ സംയുക്ത യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില് ചേരും. മേഖലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും മണ്ഡലകാലത്തിനുമുമ്പ് പൂര്ത്തിയാക്കും. പദ്ധതികള് പരിസ്ഥിതി സൗഹൃദമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്കും. തീര്ഥാടനമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിലെ വിഷയങ്ങള് പരിഹരിക്കുന്നതിന് എംഎല്എമാരെയും ഉള്പ്പെടുത്തി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി
ശബരിമല റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയാൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. റോഡുകളുടെ പുനരുദ്ധാരണ ജോലികളിൽ യാതൊരു തരത്തിലുള്ള സാവകാശവും അനുവദിക്കാനാകില്ല. എൻജിനിയർമാർ സൈറ്റുകളിൽ പോകാത്തതാണ് ഇപ്പോഴത്തെ പകുതി പ്രശ്നങ്ങൾക്കും കാരണം. ഇടവേളകളില് യോഗം ചേര്ന്ന് പുരോഗതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലകാലത്തിനു മുന്നോടിയായി പ്രവൃത്തികള് പൂര്ത്തിയാക്കാന് ഉദ്യോഗസ്ഥര്ക്ക് കര്ശന നിര്ദേശം നല്കി. പമ്പ ഹില്ടോപ്പ് മുതല് പാണ്ടിത്താവളം വരെയുള്ള രണ്ട് കിലോമീറ്റര് റോപ്പ് വേയ്ക്ക് കേന്ദ്ര സര്ക്കാര് തത്വത്തില് അംഗീകാരം നല്കിയതായും മന്തരി അറിയിച്ചു.
തുടർന്നുള്ള അവലോകനയോഗങ്ങളിൽ ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർ തയാറായി വരണമെന്നും മന്ത്രി നിർദേശിച്ചു.
പിഎം റോഡിലെ അപകടങ്ങൾ; ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎ
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്യുന്നത് നിർമാണത്തിലെ അശാസ്ത്രീയത മൂലമാണെന്ന് പഴകുളം മധു എംഎൽഎ യോഗത്തിൽ പറഞ്ഞു. റോഡു നിർമാണം സംബന്ധിച്ച അപാകതകൾ പരിഹരിക്കണമെന്നും അദ്ദേഹം പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടു.
അടൂർ മണ്ഡലത്തിലെ റോഡുകളെല്ലാം അപകടകരമായ അവസ്ഥയിലാണെന്ന് സി.വി. ശാന്തകുമാർ എംഎൽഎയും ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ നിന്നും തീർഥാടകർ എത്തുന്ന അച്ചൻകോവിൽ - കോന്നി റോഡ് അടിയന്തിരമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് കെ.യു. ജനീഷ്കുമാർ എംഎൽഎ ആവശ്യപ്പെട്ടു.
എംഎൽഎമാരായ റോണി കെ.ബേബി, എം.ജെ. സെബാസ്റ്റ്യന്, പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, ജില്ലാ കളക്ടർ എ. നിസാമുദ്ദീന്, പൊതുമരാമത്ത് അഡീ. സെക്രട്ടറി വി.ആര്. വിനോദ്, ജില്ലാ പോലീസ് മേധാവി ആര്.ആനന്ദ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയ, ഇടുക്കി, എറണാകുളം ജില്ലകളിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
District News
എരുമേലി: ശബരിമല തീർഥാടന ഒരുക്കങ്ങൾ ഇത്തവണ നേരത്തേ തുടങ്ങാൻ തീരുമാനം. എരുമേലിയില് മേൽനോട്ടത്തിന് ജുഡീഷല് മജിസ്ട്രേറ്റിനെ നിയമിക്കുന്നതടക്കം ഇത്തവണ നേരത്തെ നടപടികൾ സ്വീകരിക്കാനാണ് നീക്കം. ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുന്ന രാസസിന്ദൂരം എരുമേലിയില് നിരോധിച്ചിട്ടുള്ളത് മുൻനിർത്തി നേരത്തെ തന്നെ പരിശോധനയും നിയമ നടപടികളും സ്വീകരിക്കാൻ നിർദേശമുണ്ട്.
മകരവിളക്ക് സീസണിൽ തുറക്കുന്ന കാനനപാത ഇത്തവണ മണ്ഡല കാലം മുതൽ തുറക്കാൻ ആലോചന. കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ. മുരളീധരൻ തലസ്ഥാനത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇത്തവണ ഒരുക്കങ്ങൾ നേരത്തേ തുടങ്ങണമെന്ന് തീരുമാനമായത്.
മണ്ഡലമകരവിളക്ക് തീര്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള് അവസാന നിമിഷത്തിലേക്ക് നീട്ടാതെ, കുറഞ്ഞത് രണ്ട് മാസം മുമ്പ് ആരംഭിച്ച് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ സമയബന്ധിതമായി പൂര്ത്തിയാക്കണമെന്ന് യോഗത്തിൽ മന്ത്രി നിർദേശം നൽകിയിരുന്നു.
സുരക്ഷയിലേക്ക് കണമല, കണ്ണിമല
അപകടസാധ്യതയേറിയ കണമല അട്ടിവളവ് മേഖലയിലുടനീളവും കണ്ണിമല ഇറക്കത്തിലും ക്രാഷ് ബാരിയറുകള്, സ്പീഡ് നിയന്ത്രണ സംവിധാനങ്ങള്, തെരുവുവിളക്കുകള് എന്നിവ നേരത്തേ സ്ഥാപിക്കുകയും സീസണില് സ്ഥിരം ക്രെയിന് സേവനം ഏര്പ്പെടുത്തുകയും ചെയ്യുന്നതിന് ഉടനെ നടപടികൾ സ്വീകരിക്കുന്നതിന് യോഗത്തിൽ നിർദേശമുണ്ട്. ഇത്തവണത്തെ ശബരിമല തീർഥാടന കാലം പൂർണമായും അപകട രഹിതമാക്കുന്നതിന് റോഡിൽ അപകട സാധ്യതയുള്ള ഭാഗങ്ങളും അവിടെ സ്വീകരിക്കേണ്ട പരിഹാര നടപടികളും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകിയിരുന്നു.
കാനനപാതകൾ തുറക്കും
എരുമേലി വഴി ഉൾപ്പെടെയുള്ള ശബരിമല പരമ്പരാഗത കാനനപാതകൾ മണ്ഡലകാലാരംഭം മുതല് പൂര്ണമായും തുറന്നുകൊടുക്കുകയും വന്യമൃഗങ്ങളില് നിന്നുള്ള സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും യോഗത്തിൽ നിർദേശം ഉയർന്നിരുന്നു. എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത സാധാരണയായി മകരവിളക്ക് സീസണിലാണ് തുറന്നുകൊടുക്കുന്നത്. മണ്ഡല കാലത്ത് തുറക്കില്ല. ഇതിന് ഇത്തവണ മാറ്റം വരുത്തുന്നത് സംബന്ധിച്ച് വനം വകുപ്പിൽ നിന്നാണ് ഇനി നടപടികൾ സ്വീകരിക്കേണ്ടത്.
അതേസമയം മകരവിളക്ക് സീസണിൽ മാത്രം കാനനപാത തുറക്കുന്നതിനോടാണ് വനം വകുപ്പ് അനുകൂലിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മണ്ഡല കാലം 41 ദിവസമാണ്. ഈ സമയത്ത് കാനനപാതയിൽ ഭക്തരുടെ തിരക്കില്ല. വന്യ മൃഗങ്ങളുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകാൻ ഇതുമൂലം സാധ്യത ഏറെയാണെന്ന് വനം വകുപ്പ് പറയുന്നു. അതേസമയം 20 ദിവസം നീളുന്ന മകരവിളക്ക് സീസണിൽ കാനനപാതയിൽ തിരക്ക് ഏറെയാണെന്നുള്ളതിനാൽ മൃഗങ്ങൾ കാട്ടിനുള്ളിലേക്ക് ഉൾവലിയുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
വിര്ച്വല് ക്യൂ പാസ് വിതരണം സുഗമമാക്കാന് എരുമേലിയിലെ കൗണ്ടറുകളുടെ എണ്ണം വര്ധിപ്പിക്കണമെന്ന ആവശ്യവും എരുമേലി ക്ഷേത്രത്തിലെ അപ്പം അരവണ വില്പ്പനയ്ക്ക് കോഡ് അധിഷ്ഠിത ഡിജിറ്റല് പേയ്മെന്റ് സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഉയർന്നിരുന്നു. ശബരിമലയിലേക്കുള്ള വാഹന തിരക്ക് മൂലം മുൻകാലങ്ങളിൽ കോട്ടയം ജില്ലയിലുടനീളം ഗതാഗത കുരുക്ക് ഉണ്ടായ അനുഭവം ഇത്തവണ ആവർത്തിക്കാതിരിക്കാൻ യാത്രാമധ്യേ എല്ലാ സൗകര്യങ്ങളും ഉള്ള താല്ക്കാലിക പാര്ക്കിംഗ് കേന്ദ്രങ്ങള് ഒരുക്കുന്നതിനും യോഗത്തിൽ നിർദേശം ഉയർന്നിരുന്നു.
District News
കോട്ടയം: അയ്യപ്പഭക്തര്ക്ക് കൂടുതല് സൗകര്യം ഒരുക്കുന്നതിനായി ശബരിമല തീര്ഥാടനത്തിനു സമഗ്രമാറ്റം വരുത്താന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് നടപടികള് ആരംഭിച്ചു. കഴിഞ്ഞ ദിവസം ചേര്ന്ന 2026-27 മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായുള്ള ദേവസ്വം ബോര്ഡിന്റെ ആദ്യ മുന്നൊരുക്ക യോഗത്തിലാണു പുതിയ തീരുമാനം. മണ്ഡല-മരകരവിളക്ക് മഹോത്സവത്തിന്റെ വിലയിരുത്തലും യോഗത്തില് നടന്നു.
വരുന്ന മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായുള്ള ഫെസ്റ്റിവല് കണ്ട്രോള് ഓഫീസ് ഏപ്രില് മാസത്തില് തന്നെ പമ്പയില് പ്രവര്ത്തനം ആരംഭിക്കും. ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തിന് മാത്രമായി പ്രത്യേക ബജറ്റ് തയാറാക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ പൊതു ബജറ്റിന് പുറമേയാണ് ശബരിമല ഫെസ്റ്റിവലിന് മാത്രമായി പ്രത്യേകം ബജറ്റ് തയാറാക്കുന്നത്.
ശബരിമല ഫെസ്റ്റിവല് അക്കൗണ്ടുകള് ചാര്ട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില് തല്സമയം ഓഡിറ്റ് ചെയ്യുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. സുരക്ഷ, ശുചിത്വം, സേവനങ്ങള്, ആകര്ഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷന്സും എന്നിങ്ങനെ വിശദമായ സമീപന രേഖയാണ് നടപ്പിലാക്കുന്നത്.
എന്തായാലും അടുത്ത ശബരിമല സീസണ് കാലം ഭക്തര്ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലും കുറ്റമറ്റ രീതിയിലും നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ദേവസ്വം ബോര്ഡ്.
Kerala
പത്തനംതിട്ട: മണ്ഡല - മകരവിളക്ക് തീർഥാടനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടക പ്രവാഹം. കഴിഞ്ഞ ദിവസം 99,700 ഭക്തരാണ് ദർശനത്തിന് എത്തിയത്. ഞായറാഴ്ച വൈകുന്നേരം വരെ 67,000 പേർ എത്തി.
തിരക്കു വർധിച്ചതോടെ പമ്പയിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. നെയ്യഭിഷേകം പൂർത്തിയായ ഇന്ന് പതിനെട്ടാംപടി കയറാനും ദർശനത്തിനും നാലു മണിക്കൂർ വരെ തീർഥാടകർക്കു കാത്തു നിൽക്കേണ്ടി വന്നു. അതേസമയം ഈ വർഷത്തെ തീർഥാടനം തിങ്കളാഴ്ച്ച രാത്രി 10ന് പൂർത്തിയാകും.
തീർഥാടനത്തിനു സമാപനം കുറിച്ച് തിങ്കളാഴ്ച രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ 6.30ന് നട അടയ്ക്കും. പന്തളം രാജപ്രതിനിധിക്കു മാത്രമാണ് അന്ന് ദർശനം ഉണ്ടാക്കുക.
Kerala
ശബരിമല: ശബരിമലയില് പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. 1543 പേരാണ് രണ്ടാം ബാച്ചില് ഉള്ളത്. അസി. സ്പെഷൽ ഓഫീസറും (എഎസ്ഒ) 10 ഡിവൈഎസ്പിമാരും 34 സിഐമാരും സംഘത്തില് ഉള്പ്പെടുന്നു.
സന്നിധാനത്തെ വലിയ നടപ്പന്തലില് നടന്ന ചടങ്ങില് സ്പെഷല് ഓഫീസര് ഉദ്യോഗസ്ഥര്ക്ക് വേണ്ട മാര്ഗ നിര്ദേശങ്ങള് നല്കി. എഎസ്ഒ മാരായ ജെ.കെ. ദിനില് കുമാര്, എസ്. അജയ് കുമാര് തുടങ്ങിയവര് സന്നിഹിതരായിരുന്നു. പത്തു ദിവസമാണ് ഒരു ബാച്ചിന്റെ സേവനം.
Kerala
തിരുവനന്തപുരം: ശബരിമലയില് സ്ത്രീകള്ക്കും കുട്ടികള്ക്കും ദര്ശനത്തിന് ക്രമീകരണമുണ്ടാക്കാനൊരുങ്ങി തിരുവിതാംകൂര് ദേവസ്വം ബോര്ഡ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബോർഡ് യോഗം ചേരും.
പോലീസുമായി ആലോചിച്ച് ശബരിമലയിൽ കൂടുതല് സൗകര്യം ഒരുക്കുമെന്നു് ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ. ജയകുമാര് അറിയിച്ചു. ശബരിമലയില് ഭക്തരുടെ എണ്ണം കൂട്ടുകയല്ല, സൗകര്യം വര്ധിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോള് തിരക്ക് നിയന്ത്രണവിധേയമാണ്. ഇനി അബദ്ധം പറ്റാന് പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകുമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ.ജയകുമാര്. സ്പോട്ട് ബുക്കിംഗ് അതാത് ദിവസങ്ങളിലെ സാഹചര്യങ്ങള് നോക്കി നിജപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്. ഞായറാഴ്ച 11516 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനത്തിനെത്തിയത്. സ്പോട്ട് ബുക്കിംഗിന്റെ എണ്ണം തീരുമാനിക്കാന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഓരോ ദിവസത്തെയും തീര്ഥാടകരുടെ എണ്ണം അനുസരിച്ചായിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏര്പ്പെടുത്തുക. മന്ത്രി വി.എന്.വാസവന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് തീരുമാനം.
ഞായറാഴ്ച വൈകുന്നേരം ഏഴുവരെ 69295 പേർ മലചവിട്ടി. ഇതുവരെ ആകെ എത്തിയവരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: ശബരിമല സ്പോട്ട് ബുക്കിംഗിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് എത്രപേര്ക്ക് നൽകാമെന്ന് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര് ദേവസ്വം ബോര്ഡിനും ശബരിമലയിലെ പോലീസ് ചീഫ് കോ-ഓര്ഡിനേറ്റര്ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്ദേശിച്ചു.
സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് ഹൈക്കോടതി പുതിയ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെയാണ് സ്പോട്ട് ബുക്കിംഗ് പ്രതിദിനം 5000 ആയി നിജപ്പെടുത്താൻ തീരുമാനിച്ചത്.
ഇതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവിൽ ഓണ്ലൈൻ ബുക്കിംഗ് വഴി 70000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5000 പേരെയുമാണ് പ്രതിദിനം കയറ്റിവിടുന്നത്.